കോഴിക്കോട് വെച്ച് കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ യുവതി 28,000 രൂപ നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്ന് ഒഴിവായതായി റിപ്പോര്‍ട്ട്. കട്ടപ്പന-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി എ സി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസിലാണ് ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബസ് കോഴിക്കോട് മാങ്കാവ് ലുലു മാളിന് സമീപം എത്തിയപ്പോള്‍ യുവതി ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, അവിടെ സ്റ്റോപ്പ് ഇല്ലെന്നും പകല്‍ സമയമായതിനാല്‍ സ്റ്റോപ്പിലല്ലാതെ ബസ് നിര്‍ത്താന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ വ്യക്തമാക്കിയെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് ഡ്രൈവര്‍ കാബിനടുത്തെത്തി ബഹളം വെക്കുകയും കണ്ടക്ടറുടെയും ഡ്രൈവറുടെയും വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ ബസിലെ എമര്‍ജന്‍സി എക്‌സിറ്റ് തകര്‍ക്കാനുള്ള ഹാമര്‍ ഉപയോഗിച്ച് യുവതി ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും മാനന്തവാടിയിലേക്കുള്ള തുടര്‍ സര്‍വീസ് മുടങ്ങുകയും ചെയ്തു. തകര്‍ന്ന ചില്ലിന്റെയും മുടങ്ങിയ ട്രിപ്പിന്റെയും നഷ്ടപരിഹാരമായി 28,000 രൂപ യുവതി കെ എസ് ആര്‍ ടി സിക്ക് നല്‍കി. ശുചിമുറിയില്‍ പോകേണ്ട ആവശ്യം വന്നതുകൊണ്ടാണ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും, തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും യുവതി പിന്നീട് പ്രതികരിച്ചു.
Photo and News Source: Siraj Live







