യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ വ്യാപകമായ ലൊക്കേഷൻ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡ്രൈവർമാരും താമസക്കാരും തങ്ങളുടെ യഥാർത്ഥ ലൊക്കേഷനിൽ നിന്നും വളരെ അകലെയുള്ള സ്ഥലങ്ങളാണ് ആപ്പുകളിൽ കാണിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തൊട്ടുമുന്നിൽ ബുർജ് ഖലീഫ ദൃശ്യമാണെങ്കിലും മാപ്പിൽ തങ്ങൾ അറബി കടലിന് നടുവിലാണെന്ന് കാണിക്കുന്ന വീഡിയോകൾ ഉൾപ്പെടെ നിരവധി ഉപഭോക്താക്കൾ തമാശരൂപേണ പങ്കുവെച്ചിട്ടുണ്ട്. ഡെലിവറി ജീവനക്കാരും തങ്ങളുടെ ഡെലിവറി ലൊക്കേഷനുകൾ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലോ കടലിലോ ആണ് കാണിക്കുന്നതെന്ന് വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഏർപ്പെടുത്തുന്ന സിഗ്നൽ തടസ്സങ്ങളാണ് ഇത്തരം താൽക്കാലിക പ്രശ്നങ്ങൾക്ക് കാരണമെന്ന് എം ബി ആർ എസ് സി ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വ്യക്തമാക്കി. പ്രാദേശികമായ സംഘർഷങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനായി അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിക്കാറുണ്ട്. നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാറ്റലൈറ്റ് സിഗ്നലുകളെ ഈ നടപടികൾ ബാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജി പി എസ് ജാമിങ്, ജി പി എസ് സ്പൂഫിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സിഗ്നൽ സ്വീകരിക്കുന്നതിനെ ബാധിച്ചേക്കാം. ജി പി എസ് ജാമിങ് വഴി സിഗ്നലുകൾ തടസ്സപ്പെടുത്തുമ്പോൾ, ജി പി എസ് സ്പൂഫിങ് വഴി തെറ്റായ സിഗ്നലുകളാണ് ഉപകരണങ്ങളിലേക്ക് അയക്കുന്നത്. സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പുകൾ ഈ സാറ്റലൈറ്റ് സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇവ റൂട്ടുകളിൽ തെറ്റായ ലൊക്കേഷനുകൾ കാണിക്കാൻ ഇടയാക്കും.
ഇത്തരം സിഗ്നൽ വ്യതിയാനങ്ങൾ കാരണം ഫോണുകളിൽ വളരെ കുറഞ്ഞ സമയത്തേക്ക് തെറ്റായ ലൊക്കേഷൻ കാണിച്ചേക്കാമെങ്കിലും സിഗ്നൽ സാധാരണ നിലയിലാകുന്നതോടെ ആപ്പുകൾ സ്വയം കൃത്യമായ ലൊക്കേഷൻ കണ്ടെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിൾ മാപ്സ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും സൈബർ ആക്രമണങ്ങൾ കൊണ്ടല്ല, മറിച്ച് താൽക്കാലിക സിഗ്നൽ തടസ്സങ്ങൾ കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളെയും വഴികളെയും കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പുതിയ ഡ്രൈവർമാർ ജി പി എസ് സംവിധാനങ്ങളെ മാത്രം പൂർണ്ണമായി ആശ്രയിക്കരുതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Photo and News Source: Siraj Live







