ഗുജറാത്തിലെ മോർബിയിൽ ഞെട്ടിക്കുന്ന സംഭവം. വീട്ടുവാടക നൽകാൻ പണമില്ലാത്തതിനെത്തുടർന്ന് സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടുടമയ്ക്കും ബന്ധുവിനും ലൈംഗികാതിക്രമത്തിന് വിട്ടുനൽകിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 55 വയസ്സുള്ള വീട്ടുടമയെയും പോലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി തിരച്ചിൽ ഊർജിതമാക്കി.
ആറുമാസം മുൻപാണ് തൊഴിൽ തേടി ഇവർ മോർബിയിൽ എത്തിയത്. പ്രതിമാസം 2000 രൂപ വാടകയ്ക്കാണ് ഇവർ വീട് എടുത്തത്. എന്നാൽ ഭർത്താവിന്റെ ബിസിനസ് തകർന്നതോടെ വാടക നൽകാൻ കഴിയാത്ത അവസ്ഥയായി. ഈ സാഹചര്യം മുതലെടുത്താണ് വീട്ടുടമസ്ഥൻ ക്രൂരമായ കൃത്യത്തിന് മുതിർന്നത്. ഭർത്താവിന്റെ സമ്മതത്തോടെ വീട്ടുടമസ്ഥനും ബന്ധുവും ചേർന്ന് സ്ത്രീയെയും 13 വയസ്സുകാരിയായ മകളെയും ബലാത്സംഗം ചെയ്യുകയായിരുന്നു.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ അമ്മ വിവരം അറിഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. സമൂഹത്തെ നടുക്കിയ ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Photo and News Source: Siraj Live








