കൊയിലാണ്ടിയിലെ പന്തലായനി-വിയ്യൂർ റോഡിൽ സ്ഥിതി ചെയ്യുന്ന അക്ലാരി കനാൽപ്പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗം തകർന്ന് കമ്പികൾ ദ്രവിച്ച് തൂങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഈ പാലം വലിയൊരു ദുരന്തത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പ്രദേശവാസികളുടെ അഭിപ്രായത്തിൽ, 1970-കളിൽ കനാൽ നിർമ്മാണത്തോടൊപ്പമാണ് ഈ പാലവും പണിതത്. ദശാബ്ദങ്ങൾ പിന്നിട്ടതോടെ പാലത്തിന്റെ ബലക്ഷയം രൂക്ഷമായിരിക്കുകയാണ്. പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്.

പന്തലായനി, വെള്ളിലാട്ട് താഴ, വിയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ഭാരമേറിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ പാലത്തിലൂടെ നിരന്തരം സഞ്ചരിക്കുന്നുണ്ട്. വിയ്യൂർ ഭാഗത്തുനിന്ന് കൊയിലാണ്ടി നഗരത്തിലേക്കും, പന്തലായനി അഘോരശിവക്ഷേത്രം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും എത്താനുള്ള എളുപ്പവഴിയാണിത്.

പാലം പൊളിച്ചുനീക്കി പുനർനിർമ്മിക്കണമെങ്കിൽ ഇറിഗേഷൻ വകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും, അപകടം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Photo and News Source: Mathrubhumi