സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. ജൂൺ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ട് എത്തുന്നതിന് മുൻപായി, കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാൻ ഈ സംവിധാനം അവസരമൊരുക്കുന്നു.

ഏകദേശം 15 മുതൽ 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് ആദ്യം സംസ്ഥാനം തിരഞ്ഞെടുക്കണം. തുടർന്ന് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. (OTP) വഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ശ്രദ്ധിക്കുക, ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ സാധിക്കില്ല.

പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാർക്കർ’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ‘എച്ച്’ (H) എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്-എന്യുമറേഷൻ ഐ.ഡി. (SEID) ലഭിക്കും. ഈ ഐ.ഡി. ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

Photo and News Source: Mathrubhumi