തൃക്കൂറിൽ നെല്ലിച്ചുവട് ജിംനേഷ്യത്തിന് മുന്നിൽ വെച്ച് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരത്താക്കര സ്വദേശിയായ ഡിനസ് ഡേവിസിനെ ആക്രമിച്ച കേസിലെ പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്.

കഴിഞ്ഞ എട്ടാം തീയതി രാത്രി ഏഴരയോടെയായിരുന്നു ഈ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. ഡിനസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി സിറിൽ നേരത്തെ തന്നെ കുപ്പിയിൽ പെട്രോൾ കരുതിയിരുന്നു. സംഭവത്തിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതി പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പിയും കണ്ടെടുത്തു.

ഞായറാഴ്ച നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ കൃത്യം നടന്ന സ്ഥലത്ത് പ്രതിയെ വീണ്ടും എത്തിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം പ്രതിയുടെ പോട്ടയിലെ വീട്ടിലെത്തിച്ചും പോലീസ് തെളിവുകൾ ശേഖരിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Mathrubhumi