പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ശത്രുതയ്ക്കിടെ അമേരിക്കയും ക്യൂബയും തമ്മിൽ നിർണ്ണായകമായ നയതന്ത്ര ചർച്ചകൾക്ക് തുടക്കമായി. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (CIA) മേധാവി ജോൺ റാറ്റ്‌ക്ലിഫ് ഹവാനയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ക്യൂബൻ ഇന്റലിജൻസ് മേധാവി റാമോൺ റൊമേറോ കുർബെലോ, ആഭ്യന്തര മന്ത്രി ലാസറോ അൽവാരസ് കാസാസ് എന്നിവരുമായും റൗൾ കാസ്‌ട്രോയുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ ഉപരോധം മൂലം ക്യൂബ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ധനക്ഷാമം കാരണം വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ദിവസവും 20 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി തടസ്സത്തെത്തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സിഐഎ മേധാവിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്നുള്ള ഇന്ധനക്കപ്പലുകൾ മാത്രമാണ് നിലവിൽ ക്യൂബയുടെ ഏക ആശ്രയം.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ 'അടിസ്ഥാനപരമായ മാറ്റങ്ങൾ' കൊണ്ടുവരണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ സന്ദേശം കൈമാറാനാണ് റാറ്റ്‌ക്ലിഫ് എത്തിയതെന്നാണ് സൂചന. അതേസമയം, സംഘർഷാവസ്ഥ ലഘൂകരിക്കാനാണ് കൂടിക്കാഴ്ചയെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി. ക്യൂബ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ ക്യൂബൻ ഉദ്യോഗസ്ഥർ കൈമാറി. പ്രതിസന്ധി നേരിടാൻ 100 ദശലക്ഷം ഡോളറിന്റെ സഹായം നൽകാൻ അമേരിക്ക സന്നദ്ധത അറിയിച്ചതായും വിവരങ്ങളുണ്ട്.

അതേസമയം, ക്യൂബയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം ട്രംപ് ഭരണകൂടം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. റൗൾ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കങ്ങളും വിദേശ കമ്പനികൾ ക്യൂബയുമായി വ്യാപാരം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള പുതിയ എക്സിക്യൂട്ടീവ് ഓർഡറുകളും ഇതിന്റെ ഭാഗമാണ്. അമേരിക്കൻ രഹസ്യാന്വേഷണ മേധാവിയുടെ ഈ സന്ദർശനം ക്യൂബൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമോ എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.

Photo and News Source: Suprabhaatham