മൂന്നാർ പൊലീസ് സ്റ്റേഷനിലെ അടുക്കളയിൽ സഹായിയായി ജോലി ചെയ്യുന്ന കുട്ടിയമ്മയുടെ 52-ാം പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ ചേർന്ന് ഒരുക്കിയ അപ്രതീക്ഷിത പിറന്നാൾ സർപ്രൈസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തങ്ങൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്ത് നൽകുന്ന കുട്ടിയമ്മയ്ക്ക് എന്തെങ്കിലും പ്രത്യേകമായി നൽകണമെന്ന ആഗ്രഹമാണ് പൊലീസുകാരെക്കൊണ്ട് ഇങ്ങനെയൊരു ആഘോഷത്തിന് പ്രേരിപ്പിച്ചത്.
ആഘോഷം അവിസ്മരണീയമാക്കാൻ പൊലീസുകാർ ഒരുക്കിയ തന്ത്രം വളരെ രസകരമായിരുന്നു. ഒരു കേസിന്റെ ആവശ്യത്തിനായി ചോദ്യം ചെയ്യാനെന്ന വ്യാജേന കുട്ടിയമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇതിനായി കുട്ടിയമ്മയുടെ ബന്ധുവിനെയും സുഹൃത്തിനെയും മുൻകൂട്ടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശങ്കയോടെ സ്റ്റേഷനിലെത്തിയ കുട്ടിയമ്മയുടെ ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്.
താൻ പരിചയമുള്ള യുവാക്കളെ സ്റ്റേഷനിൽ കണ്ടപ്പോൾ കുട്ടിയമ്മ അമ്പരന്നു. എന്നാൽ, തൊട്ടുപിന്നാലെ പൊലീസുകാർ കേക്കുമായി എത്തിയതോടെയാണ് തനിക്ക് ലഭിച്ച സർപ്രൈസ് അവർ തിരിച്ചറിഞ്ഞത്. സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കുട്ടിയമ്മ കേക്ക് മുറിച്ചു. തന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായൊരു പിറന്നാൾ ആഘോഷം ഉണ്ടായിട്ടില്ലെന്ന് അവർ വികാരാധീനയായി പറഞ്ഞു. പൊലീസുകാരുടെ ഈ കരുതലിനെ അഭിനന്ദിച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
Photo and News Source: Samakalika Malayalam








