തന്റെ ഭാവി ജീവിത പങ്കാളിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവെച്ച് നടി അന്ന രാജൻ. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. പരസ്പര ബഹുമാനത്തിന് മുൻഗണന നൽകുന്ന ഒരാളെയാണ് താൻ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നതെന്ന് അന്ന വ്യക്തമാക്കി.

ബഹുമാനം എന്നത് കേവലം വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന് താരം ചൂണ്ടിക്കാട്ടി. "എന്നെ മിസ് രേഷ്മ രാജൻ എന്നോ മിസ് അന്ന രാജൻ എന്നോ വിളിക്കുന്നത് മാത്രമല്ല ബഹുമാനം. അതുപോലെ ഞാൻ എടാ, പോടാ എന്ന് വിളിക്കുമ്പോൾ തിരിച്ച് എടീ, പോടീ എന്ന് വിളിക്കുന്നതുമല്ല ബഹുമാനം. യഥാർത്ഥ ബഹുമാനം എന്നത് നമ്മൾ ഒരുമിച്ച് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാണിക്കുന്ന കരുതലും, ആശയവിനിമയത്തിൽ നൽകുന്ന പ്രാധാന്യവുമാണ്," അന്ന പറഞ്ഞു.

തന്റെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും പരിഗണിക്കുന്ന, എല്ലാ കാര്യങ്ങളിലും പങ്കാളിത്തം ഉറപ്പാക്കുന്ന ഒരാളായിരിക്കണം തന്റെ ജീവിതപങ്കാളി എന്നും താരം കൂട്ടിച്ചേർത്തു. അങ്ങനെയുള്ള ഒരാളെ കണ്ടെത്താനാണ് താൻ ആഗ്രഹിക്കുന്നത്.

അഭിനയരംഗത്ത് സജീവമായ അന്ന രാജൻ, ഉദ്ഘാടന ചടങ്ങുകളിലും സ്ഥിരമായി സാന്നിധ്യം അറിയിക്കാറുണ്ട്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'അങ്കം അട്ടഹാസം' ആണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Photo and News Source: Samakalika Malayalam