തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശൻ നിയമിതനായതോടെ കേരളത്തിന്റെ തലസ്ഥാന നഗരിയാകെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദത്തിലായി. ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അവസാനമായി, ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തോടെ നഗരത്തിന്റെ ഓരോ മൂലയിലും ആഹ്ലാദം പൊട്ടിത്തെറിച്ചു. കെ.പി.സി.സി ആസ്ഥാനത്തും കന്റോൺമെന്റ് ഹൗസിലും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കളം നിറഞ്ഞു. മധുരം വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തുകൊണ്ട് അവർ ആഹ്ലാദം പങ്കുവച്ചു.

'പട നയിച്ചവൻ നാട് ഭരിക്കും' എന്നെഴുതിയ ബാനറുകൾ പിടിച്ചുകൊണ്ട് പ്രവർത്തകർ പ്രകടനം നടത്തി. വി.ഡി.സതീശന്റെ കട്ടൗട്ടുകളുമേന്തിയായിരുന്നു അവരുടെ ആവേശം. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ തിരക്കു വർദ്ധിച്ചതോടെ റോഡിലൂടെയുള്ള ഗതാഗതം അല്പനേരം ബുദ്ധിമുട്ടിലായി. പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കലിൽ വി.ഡി.സതീശനും രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും പിന്തുണ പ്രകടിപ്പിച്ചു. തുടർന്ന് വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും പിന്തുണ പ്രഖ്യാപിച്ചു.

പത്ത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തിന് ജനപ്രിയനായ ഒരു മുഖ്യമന്ത്രിയെ ലഭിച്ച സന്തോഷം പ്രവർത്തകരിൽ പ്രകടമായിരുന്നു. ഗ്രൂപ്പ് തിരിയാതെ കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല, ഘടകകക്ഷി പാർട്ടികളിലെ പ്രവർത്തകരും ആഹ്ലാദത്തിൽ പങ്കുചേർന്നു. ശാസ്തമംഗലത്തും വെള്ളയമ്പലത്തും നിന്നും വിവിധ പ്രകടനങ്ങൾ കെ.പി.സി.സിയിലേക്കും നിയമസഭയിലേക്കും നടന്നു.

കന്റോൺമെന്റ് ഹൗസിൽ നിന്ന് ഉച്ചകഴിഞ്ഞ് കെ.പി.സി.സി ആസ്ഥാനത്തേക്ക് വി.ഡി.സതീശൻ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അദ്ദേഹത്തെ വലയം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ സന്ദർശിച്ചശേഷം കാറിലേക്ക് കയറാൻ പാടുപെട്ടു. പ്രവർത്തകരുടെ അമിത സ്നേഹപ്രകടനം കാരണം അദ്ദേഹത്തെ കാറിലെത്തിക്കാൻ ഏറെ സമയമെടുത്തു. അപ്പോഴൊന്നും അക്ഷോഭ്യനാകാതെ ചിരിച്ച മുഖത്തോടെയായിരുന്നു അദ്ദേഹം.

എ.കെ.ആന്റണിയെയും വി.എം.സുധീരനെയും സന്ദർശിക്കാനായി പോയപ്പോഴും പ്രവർത്തകരുടെ ബാഹുല്യം ഉണ്ടായിരുന്നു. വൈകിട്ട് നിയമസഭാ കക്ഷിയോഗം നടക്കുമ്പോൾ പട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രകടനം. നഗരത്തിന്റെ ഓരോ കോണിലും പ്രവർത്തകരുടെ ആഹ്ലാദം പ്രകടമായി. വി.ഡി.സതീശന്റെ നേതൃത്വത്തിൽ സംസ്ഥാനം പുതിയ ദിശയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയോടെ പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചു.

Photo and News Source: Kerala Kaumudi