കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മെയ് 14 മുതല്‍ 18 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 14-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും, മെയ് 15-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കി. തുടര്‍ന്ന് മെയ് 16-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, മെയ് 17-ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, മെയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലവില്‍ ശക്തി കൂടിയ ന്യൂനമര്‍ദം (Well-Marked Low Pressure Area) രൂപപ്പെട്ടിട്ടുണ്ട്.
Photo and News Source: Suprabhaatham









