കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായ ജനപിന്തുണയുണ്ടെന്ന് എഐസിസി (AICC) നിയോഗിച്ച പ്രത്യേക ഏജൻസികളുടെ റിപ്പോർട്ട്. എംഎൽഎമാരുടെ പിന്തുണ മാത്രം മാനദണ്ഡമാക്കി നേതൃത്വത്തെ തീരുമാനിക്കുന്നത് പ്രായോഗികമല്ലെന്നും, താഴെത്തട്ടിലെ ജനവികാരം കൂടി പരിഗണിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സതീശന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്നും അദ്ദേഹത്തെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

പ്രത്യേകിച്ച് മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന പിന്തുണ അസാധാരണമാണ്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളിൽപ്പെട്ട എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും സതീശന് അനുകൂലമായ വികാരം ശക്തമാണ്. ഈ സാഹചര്യത്തിൽ, ഗ്രൂപ്പ് സമവാക്യങ്ങൾ മാത്രം നോക്കി തീരുമാനമെടുത്താൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. വോട്ടർമാരുടെ വികാരം മാനിച്ചുകൊണ്ട് മാത്രമേ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്താവൂ എന്ന് ഏജൻസികൾ നിർദ്ദേശിക്കുന്നു.

അതേസമയം, നേതൃമാറ്റ ചർച്ചകൾക്കിടെ എംഎൽഎമാർ വലിയ സമ്മർദ്ദത്തിലാണ്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന വാർത്തകൾ പുറത്തുവന്നതോടെ പല എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ കടുത്ത പ്രതിഷേധം നേരിടുകയാണ്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടികൾ പലതും റദ്ദാക്കി. കെ.എം. അഭിജിത്ത് അടക്കമുള്ള യുവ നേതാക്കൾക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ പ്രവർത്തകരുടെ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിലും അണികൾക്കിടയിലും സതീശനെ പിന്തുണയ്ക്കാത്തവർക്കെതിരെ പ്രതിഷേധം ശക്തമാണ്.

Photo and News Source: Suprabhaatham