സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകാത്തത് ആശങ്കയാകുന്നു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (KBPS) വഴി അച്ചടിക്കേണ്ട പുസ്തകങ്ങളിൽ വലിയൊരു ഭാഗം ഇനിയും പൂർത്തിയാകാനുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വർക്ക് ബുക്കുകൾ ഉൾപ്പെടെ മൂന്ന് കോടി 57 ലക്ഷം പുസ്തകങ്ങളാണ് ആകെ വേണ്ടത്. ഇതിൽ 75 ലക്ഷത്തോളം പുസ്തകങ്ങൾ ഇനിയും അച്ചടിക്കേണ്ടതുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അച്ചടി വൈകുന്നതിന് പ്രധാന കാരണം ബൈൻഡിങ്ങിനുള്ള പേപ്പർ യഥാസമയം ലഭിക്കാത്തതാണെന്ന് കെ.ബി.പി.എസ് സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ് കെ.കെ ഇബ്റാഹിം കുട്ടി വ്യക്തമാക്കി. "കഴിഞ്ഞദിവസം ഒരു ലോഡ് പേപ്പർ എത്തിയിരുന്നു, എട്ട് ലക്ഷം പുസ്തകങ്ങളുടെ കവർ മാത്രമാണ് ഒരു ലോഡ് പേപ്പറിൽ നിന്ന് അടിക്കാൻ കഴിയുന്നത്. 71.4 ലക്ഷം പുസ്തകങ്ങൾ ഇനിയും അടിക്കാനുണ്ട്. ഉൾപേജുകൾ ഇനിയും പൂർത്തിയാകാനുണ്ട്," അദ്ദേഹം പറഞ്ഞു. സർക്കാർ കെ.ബി.പി.എസിന് നൽകാനുള്ള കുടിശ്ശികയും അച്ചടിയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, അച്ചടി പുരോഗമിക്കുകയാണെന്നും ജൂൺ ഒന്നിന് ആവശ്യമുള്ള പുസ്തകങ്ങൾ നാല് ദിവസത്തിനകം തയ്യാറാകുമെന്നും കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ അറിയിച്ചു. "പാഠപുസ്തകങ്ങളുടെ അകത്തെ പേജുകൾ തയാറായിരിക്കുകയാണ്, ബൈൻഡിങ്ങ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. ഒരാഴ്ചയ്ക്കകം സ്കൂൾ സൊസൈറ്റികളിലെത്തും," അദ്ദേഹം വ്യക്തമാക്കി. ആക്ടിവിറ്റി ബുക്കുകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്കാണ് ആവശ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പാഠപുസ്തകങ്ങൾ ലഭിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഉപജില്ലാ ആസ്ഥാനങ്ങൾ വഴി സൊസൈറ്റികളിൽ എത്തിച്ചാണ് പുസ്തകങ്ങൾ സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. അച്ചടി പൂർത്തിയാക്കി സമയബന്ധിതമായി പുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Photo and News Source: Suprabhaatham







