പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ കഴിയുന്ന പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്ന പ്രവണതയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഇത്തരം നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

പോലീസ് ആസ്ഥാനത്തുനിന്നും നേരത്തെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പുവരുത്തണം. ലോക്കപ്പുകളില്‍ പ്രതികളെ അന്തസ്സോടെ പെരുമാറാന്‍ അനുവദിക്കണമെന്നും, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഈ ഇടപെടല്‍ നടത്തിയത്. എഡിജിപി (ക്രമസമാധാനം) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പ്രതികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റം പോലീസ് സേനാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Photo and News Source: Janmabhumi