തിരുവല്ലയിൽ രാസലഹരി കൈമാറാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കളെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി. മാഞ്ഞാടി കണ്ണോത്ത് ഹൗസിൽ ടിബിൻ വർഗീസ് (33), ചുമത്ര കൂടത്തിങ്കൽ ഹൗസിൽ സിജോ വി. റെജി (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.22 ഗ്രാം എം.ഡി.എം.എ (MDMA) പോലീസ് കണ്ടെടുത്തു.
മുത്തൂർ കാവുംഭാഗം റോഡിലെ മന്നംകരചിറയിലുള്ള അബുദാബി ടർഫിന് മുന്നിൽ വെച്ചാണ് ഇവർ ലഹരിമരുന്ന് കൈമാറാൻ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും തുടർന്ന് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. കോടതിയുടെ നിർദ്ദേശപ്രകാരം ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Kerala Kaumudi








