ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ, കേറ്ററിംഗ് മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള 'ഹോട്ടൽടെക് കേരള' പ്രദർശനത്തിന്റെ 16-ാം പതിപ്പിന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ തുടക്കമായി. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആവശ്യമായ അത്യാധുനിക ഉൽപ്പന്നങ്ങളും സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഭക്ഷ്യോൽപ്പന്നങ്ങൾ, ഹോട്ടൽ ഉപകരണങ്ങൾ, ലിനൻ, ഫർണിഷിംഗ്, ടേബിൾവെയർ, വാണിജ്യ അടുക്കള ഉപകരണങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. ഞായറാഴ്ച സമാപിക്കുന്ന പ്രദർശനം രാവിലെ 10.30 മുതൽ വൈകീട്ട് 6 മണി വരെ സന്ദർശകർക്കായി തുറന്നിരിക്കും.

ഇത്തവണത്തെ പ്രദർശനത്തിലെ പ്രധാന ആകർഷണം ഭക്ഷ്യാവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന മെഷീനറികളാണ്. പ്രതിദിനം 500 കിലോ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിച്ച് ഒരു കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന് തുല്യമായ പ്യൂരിഫൈഡ് ബയോഗ്യാസ് നിർമ്മിക്കാൻ സാധിക്കുമെന്ന് വിവിഫികയുടെ സഹസ്ഥാപകൻ റിനു തോമസ് വ്യക്തമാക്കി. ഇടുക്കി ആസ്ഥാനമായുള്ള സ്ഥാപനമാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.

കേരള ടൂറിസം, എഎസിഎച്ച്കെ, കെപിഎച്ച്എ, എച്ച്പിഎംഎഫ്, സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷൻ, ചീഫ് എൻജിനീയേഴ്സ് ഫോറം തുടങ്ങിയ പ്രമുഖ സംഘടനകളുടെ പിന്തുണയോടെയാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. എഎസിഎച്ച്കെ പ്രസിഡന്റ് കെ ജെ ജോസഫ്, സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Photo and News Source: Dhanam