ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ, ഒരു ഡോളറിന് 100 രൂപ എന്ന നിരക്കിലേക്ക് കറന്‍സി എത്തുമോ എന്ന ആശങ്ക ശക്തമാകുന്നു. നിലവില്‍ 95 മുതല്‍ 96 രൂപ വരെയാണ് വിനിമയ നിരക്ക്. ക്രൂഡോയില്‍ വിലയിലെ വര്‍ധന, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യശോഷണം വലിയ തിരിച്ചടിയാണ്. ക്രൂഡോയില്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തിനും അതുവഴി ഗതാഗത, ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിനും കാരണമാകും. കൂടാതെ, വിദേശ വിദ്യാഭ്യാസം, വിദേശ യാത്രകള്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി എന്നിവ സാധാരണക്കാരന് കൂടുതല്‍ ചെലവേറിയതായി മാറും.
എങ്കിലും, ഈ സാഹചര്യം എല്ലാ മേഖലകള്‍ക്കും ദോഷകരമല്ല. ഐടി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകളിലെ കമ്പനികള്‍ക്ക് രൂപയുടെ മൂല്യത്തകർച്ച നേട്ടമായി മാറിയേക്കാം. ഡോളറിലുള്ള വരുമാനം രൂപയിലേക്ക് മാറ്റുമ്പോള്‍ ഈ കമ്പനികള്‍ക്ക് അധിക ലാഭം ലഭിക്കുന്നു. ഇന്‍ഫോസിസ്, ടി.സി.എസ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് ഇത് താല്‍ക്കാലിക ഗുണം ചെയ്തേക്കാം.
മറുവശത്ത്, ഓഹരി വിപണിയില്‍ രൂപയുടെ ഇടിവ് ആശങ്കയുണ്ടാക്കുന്നുണ്ട്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ വലിയ ചാഞ്ചാട്ടത്തിന് കാരണമാകുന്നു. ബാങ്കിംഗ്, ഏവിയേഷന്‍, ഓട്ടോമൊബൈല്‍ മേഖലകള്‍ക്ക് ചെലവ് വര്‍ധനയുടെ ആഘാതം നേരിടേണ്ടി വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും, ആഗോള സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും താഴാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Photo and News Source: Dhanam







