മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത ഇന്നോവ കാറുകൾ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഒഴിവാക്കി. പകരം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ ഉപയോഗിക്കാനാണ് തീരുമാനം. പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങിയിരുന്ന കറുത്ത കാറുകൾ പൊലീസ് വകുപ്പ് തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാറുകൾ വീണ്ടും വിട്ടുനൽകാൻ വ്യവസ്ഥയുണ്ട്.
യാത്രകളിൽ അമിത സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ യാത്ര കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് അദ്ദേഹം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും എസ്‌കോർട്ടും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഇത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്. ജീവന് ഭീഷണിയുള്ള സാഹചര്യം കണക്കിലെടുത്ത് ഏഴ് വാഹനങ്ങളുടെ വലിയ അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. മുപ്പത് മുതൽ നാൽപത് വരെ പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളുടെ സ്‌ട്രൈക്കർ ഫോഴ്സും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
Photo and News Source: Kerala Kaumudi Latest








