കേരളത്തിലെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടക്കുക. എസ്.എസ്.എൽ.സി.ക്ക് പുറമെ ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലങ്ങളും ഇതോടൊപ്പം ലഭ്യമാകും.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നായി 386 കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇവർക്ക് പ്രത്യേക ഇളവുകൾ അനുവദിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാഫലം വിവിധ വെബ്‌സൈറ്റുകൾ വഴി പരിശോധിക്കാവുന്നതാണ്. https://results.kite.kerala.gov.in, https://sslcexam.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഇതിനായി ഉപയോഗിക്കാം. കൂടാതെ, ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. ഡിജിലോക്കർ വഴിയും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Photo and News Source: Mathrubhumi







