ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന എഎപി നേതാക്കൾക്കെതിരേ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. തനിക്കും കോടതിക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന അപകീർത്തികരവും നിന്ദ്യവുമായ പ്രചാരണങ്ങളെത്തുടർന്നാണ് ജഡ്ജിയുടെ ഈ നിർണായക തീരുമാനം.
അരവിന്ദ് കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരേയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. തനിക്കെതിരായ പ്രചാരണങ്ങൾ അനുവദനീയമായ വിമർശനത്തിന്റെ പരിധി ലംഘിച്ചുവെന്നും, ഇത് ജുഡീഷ്യറിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ നിരീക്ഷിച്ചു. താൻ ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി.
കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ, മദ്യനയക്കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരെ വെറുതേവിട്ടതിനെതിരേ സിബിഐ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ പിന്മാറി. കേസ് മറ്റൊരു ബെഞ്ചിന് വിടുന്നതാണ് ഉചിതമെന്ന് അവർ ചൂണ്ടിക്കാട്ടി. ജുഡീഷ്യറി എന്ന സംവിധാനത്തെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും കോടതി കൂട്ടിച്ചേർത്തു.
Photo and News Source: Mathrubhumi







