വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസ് (പ്രിൻസ് ജോൺ), ഇപ്പോൾ ആഘോഷത്തിന്റെ പാതയിൽ. സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതോടെ, തീക്കൊള്ളി ഉപേക്ഷിച്ച് പാൽക്കുപ്പിയുമായി എത്തി സ്വയം പാലഭിഷേകം നടത്തിയാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. താൻ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവർത്തകരുടെ ആഗ്രഹമാണ് ഹൈക്കമാൻഡ് അംഗീകരിച്ചതെന്ന് ഫ്രാൻസിസ് പറഞ്ഞു.
നേരത്തെ, സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. കുറുപ്പന്തറ ജങ്ഷനിൽ വെച്ച് സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിന് കടുത്തുരുത്തി പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ആത്മഹൂതി ചെയ്യുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നിരുന്നു.
എന്നാൽ, വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്കായി കരുതിയ പെട്രോൾ മാറ്റി വെച്ച് ആഘോഷങ്ങളിലേക്ക് കടക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കടുത്തുരുത്തി ടൗണിൽ വെച്ച് 50 ലിറ്റർ പാലുപയോഗിച്ചാണ് അദ്ദേഹം സ്വയം പാലഭിഷേകം നടത്തിയത്. തുടർന്ന് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ മുദ്രാവാക്യം വിളികളുമായി പര്യടനം നടത്തുകയും വഴിയാത്രക്കാർക്ക് പാൽപ്പായസവും ലഡുവും വിതരണം ചെയ്യുകയും ചെയ്തു.
Photo and News Source: Mathrubhumi









