എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിലായി. മഹാരാഷ്ട്ര പുണെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവൻ (35) ആണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. പുണെയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ 10:30-ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് വിലപിടിപ്പുള്ള ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ മോഷണം നടത്തിയത്. ഡോക്ടർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പുണെയിലുണ്ടെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എസിപി സുരേഷ് കെ.ജി., ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതി വിറ്റഴിച്ച ലാപ്ടോപ്പുകൾ ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ., അഖിൽ പത്മൻ, വിനീഷ് ബി. എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Photo and News Source: Sathyam Online









