ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിമ്മിലും ഡയറ്റുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല. ദിവസവും 160 മിനിറ്റ് നടക്കാൻ സമയം കണ്ടെത്തിയാൽ മാത്രം മതിയാകും. ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് അകാല മരണത്തിന് കാരണമാകുമെന്ന് വിവിധ പഠനങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദിവസേനയുള്ള നടത്തം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല.
ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനമനുസരിച്ച്, മണിക്കൂറിൽ മൂന്ന് മൈൽ വേഗതയിൽ 160 മിനിറ്റ് നടക്കുന്നത് ഒരാളുടെ ആയുസ്സ് അഞ്ച് വർഷം വരെ വർദ്ധിപ്പിക്കാൻ സഹായിക്കും. കാർഡിയോമെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയാണ് നടത്തം ആയുസ്സ് വർദ്ധിപ്പിക്കുന്നത്. മധ്യവയസ്സ് പിന്നിട്ടവർ ആഴ്ചയിൽ ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്.
നടത്തം ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഇൻസുലിൻ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷമുള്ള നടത്തം ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. കൂടാതെ, ശരീരത്തിലുണ്ടാകുന്ന വീക്കം (inflammation) കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പതിവായുള്ള നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും ഉത്തമമാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നത് ദീർഘകാല ആരോഗ്യത്തിന് വലിയ മുതൽക്കൂട്ടാകും.
Photo and News Source: Samakalika Malayalam







