അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പാകിസ്താന്‍ ഓഹരി വിപണി തകർന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത നടത്തിയ ചര്‍ച്ചകള്‍ സമാധാന ഉടമ്പടിയില്‍ എത്താതെ പിരിഞ്ഞു. കെഎസ്ഇ 100 സൂചിക ഏതാണ്ട് 6,000 പോയിന്റ് ഇടിഞ്ഞ് 1,61,638 ആയി. കഴിഞ്ഞ ബുധനാഴ്ച 12,000 പോയിന്റിലധികം ഉയര്‍ന്ന സൂചിക, കഴിഞ്ഞ ആഴ്ച 1 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ശക്തമായി. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനും അവിടെയുള്ള കടല്‍ മൈനുകള്‍ നീക്കം ചെയ്യാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് ഉത്തരവിട്ടു. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍, 'സമ്മേളനം നന്നായി നടന്നു, എന്നാല്‍ 'ന്യൂക്ലിയര്‍' വിഷയത്തില്‍ തീരുമാനമായില്ല. ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന എല്ലാ കപ്പലുകളും യുഎസ് നേവി ഉപരോധിക്കും' എന്ന് കുറിച്ചു. സമാധാനപരമായി പോകുന്ന കപ്പലുകള്‍ക്ക് നേരെയോ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന ഏത് ഇറാനിയനെയും നരകത്തിലേക്ക് അയക്കും എന്നും ട്രംപ് പറഞ്ഞു.

Photo and News Source: Dhanam