1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻ വാലാബാഗിൽ നടന്ന കൂട്ടക്കൊല ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം കുറിക്കാനുള്ള ഇരമ്പലായിരുന്നു ആ ദിവസം. റൗലറ്റ് ആക്ടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിനുമേൽ ജനറൽ ഡയർ പട്ടാളക്കാരോടെ കനത്ത വെടിവെപ്പ് നടത്തി. ഒറ്റ മൈതാനത്തിന്റെ ഏക കവാടം അടച്ചുപിടിച്ച് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേർ രക്തസാക്ഷികളായി. അവരുടെ മരണവും

രക്തവും ഭാരതീയരുടെ സിരകളിൽ പുതിയൊരു വീര്യം പകർന്നു. മരണം തൊട്ടരികിൽ കണ്ടിട്ടും മുദ്രാവാക്യങ്ങൾ അടങ്ങാതെ നിന്ന അവരുടെ ആത്മസമർപ്പണം ദേശസ്നേഹത്തിന്റെ ഉജ്ജ്വല ഗാഥയായി. ആ ഇടുങ്ങിയ മൈതാനത്തിന്റെ ചുവരുകൾക്കിടയിൽ ചിതറിത്തെറിച്ച രക്തം ബ്രിട്ടീഷ് അധിനിവേശത്തിന്റെ അസ്തിവാരമിളക്കുന്ന വിത്തുകളായി. ജാലിയൻ വാലാബാഗ് കൂട്ടക്കൊല മാത്രമല്ല, ദേശസ്നേഹത്തിന്റെയും സമരവീര്യത്തിന്റെയും ഉദാത്തമായ അടയാളമാണ്. ഓരോ ഏപ്രിൽ 13-നും ആ പുണ്യഭൂമി നമ്മോട് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രബോധത്തിന്റെ ഗന്ധം പകർന്നു

കൊണ്ടിരിക്കുന്നു. Photo and News Source: Janam TV