പന്തളം: വിഷുവിന്റെ ആഗമനത്തോടെ കണ്ണനും കണിക്കൊന്നയും പാതയോരങ്ങളിൽ നിറഞ്ഞു. സമൃദ്ധിയുടെ പുതിയ പ്രഭാതത്തിലേക്കുള്ള കണികാണാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാസം മുമ്പുതന്നെ പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്നമരങ്ങൾ വിഷുവിന്റെ വരവറിയിച്ചു. വിഷുവിന് മൂന്നുദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ, കൃഷ്ണവിഗ്രഹങ്ങളും കൃത്രിമ കൊന്നപ്പൂക്കളുമായി വ്യാപാരസ്ഥാപനങ്ങൾ വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

പ്രകൃതിയും കണികണ്ടുണരാനുള്ള തയ്യാറെടുപ്പിലാണ്. മേടവിഷു ബുധനാഴ്ചയാണ്. വിഷുവിന്റെ തിരക്ക് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം വ്യാപിച്ചു. പണ്ടത്തേപ്പോലെ തൊടികളിൽ ഫലമൂലാദികൾ കുറവായതിനാൽ, ജനങ്ങൾ എല്ലാം ഒരുക്കുവാൻ കടകളിലേക്കാണ് എത്തുന്നത്. വില അൽപം കൂടിയാലും കണിവെള്ളരിക്ക, ചക്ക, മാങ്ങ, തേങ്ങ എന്നിവ മലയാളി നിലവിളക്കിനുമുമ്പിൽ എത്തിക്കും.

കുലയായി തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കൊന്നപ്പൂവ്, കൃഷ്ണപ്രതിമ, ഓട്ടുരുളി, നിലവിളക്ക്, കണിക്കൊരുക്കാനുള്ള വിഭവങ്ങൾ എന്നിവയെല്ലാം കടകളിലും വഴിയരികിലും നിറഞ്ഞുതുടങ്ങിയിട്ടുണ്ട്. പറമ്പിലും മുറ്റത്തും സുലഭമായിരുന്ന കൊന്നപ്പൂവ് വരെ തലേദിവസം വാങ്ങാൻ കിട്ടുമെന്നതാണ് ഗ്രാമങ്ങളിലെ പ്രത്യേകത. മലയാളിക്ക് ഒരുവർഷത്തേക്കുള്ള സമൃദ്ധിയുടെ കാഴ്ചയാണ് വിഷുക്കണി. അതുകൊണ്ടുതന്നെ പ്രകൃതി ഒരുക്കിത്തരുന്ന എല്ലാവിഭവങ്ങളും കണികാണാനായി മുന്നിലുണ്ടാകും.

ഓരോ വിഷുവും പ്രതീക്ഷയുടെ പൊൻവെളിച്ചമാണ്. ലോകത്തിന്റെ ഏതു കോണിലായാലും കിട്ടാവുന്ന കാർഷിക വിഭവങ്ങളെല്ലാമൊരുക്കി കൊന്നപ്പൂവും പൊന്നുംവെച്ച് മലയാളി കണികണ്ടുണരും. വരുന്ന ഒരുവർഷക്കാലത്തേക്കുള്ള എല്ലാനന്മയും സമൃദ്ധിയും ഐശ്വര്യവും വിഷുക്കണി ദർശനത്തിലൂടെ ലഭിക്കുമെന്ന വിശ്വാസമാണ് എല്ലാത്തിനും ആധാരം. കടുത്ത വേനലിന്റെ ദുഃഖപൂർണമായ ദിവസങ്ങൾക്ക് ശേഷം വിഷുവിന്റെ വരവോടെ സമൃദ്ധിയുടെ പുതിയ പ്രഭാതം ആരംഭിക്കും.