പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി വീണാ ജോർജിന്റെ രൂക്ഷവിമർശനം. തനിക്ക് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും, പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായതെന്നും അവർ യോഗത്തിൽ തുറന്നടിച്ചു. തന്നെ ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മറ്റ് സ്ഥാനാർഥികളില്ലെന്ന് പറഞ്ഞ് നേതൃത്വം നിർബന്ധിക്കുകയായിരുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ചില പാർട്ടി നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ തനിക്കൊപ്പം നിന്നിട്ടില്ലെന്നും, ഇത് പരാജയത്തിന് കാരണമായെന്നും വീണ ആരോപിച്ചു. ആറന്മുളയിലെ തോൽവിക്ക് തന്റെ സ്ഥാനാർത്ഥിത്വം മാത്രമാണ് കാരണമെങ്കിൽ, താൻ നേരത്തെ തന്നെ പിന്മാറാൻ തയ്യാറായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും, ഫോൺ വിളിച്ചാൽ പോലും മന്ത്രിയെ ലഭ്യമാകുന്നില്ലെന്നുമുള്ള രൂക്ഷമായ വിമർശനങ്ങൾ യോഗത്തിൽ ഉയർന്നു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായതും തിരിച്ചടിയായെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. പല ഇടതുപക്ഷ കോട്ടകളും തകർന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അവർ ഓർമ്മിപ്പിച്ചു.
Photo and News Source: Mathrubhumi









