ആന്ധ്രാപ്രദേശിൽ ജനനനിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയുമാണ് സർക്കാർ സഹായമായി നൽകുക.

കുട്ടികൾ ജനിച്ച ഉടൻ തന്നെ ഈ തുക കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഒരു മാസത്തിനുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ജനസംഖ്യാ നിയന്ത്രണത്തിന് മുൻഗണന നൽകിയിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വരുമാനം വർധിക്കുന്നതിനനുസരിച്ച് ദമ്പതിമാർ ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതും, ആദ്യത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ മാത്രം രണ്ടാമതൊരു കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നതും സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നായിഡു പറഞ്ഞു. നേരത്തെ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Photo and News Source: Mathrubhumi