വി ഡി സതീശനും മുസ്ലീം ലീഗും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ഹൈന്ദവ വികാരം ഉയർത്തിക്കാട്ടാനാണ് രമേശ് ചെന്നിത്തല ഗുരുവായൂർ സന്ദർശിച്ചതെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ ആരോപിച്ചു. എന്നാൽ, ചെന്നിത്തല ഗുരുവായൂരിൽ എത്തുന്നതിന് മുൻപ് തന്നെ വി ഡി സതീശൻ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ഇതിനെ രാഷ്ട്രീയമായി പ്രതിരോധിച്ചുവെന്ന് യുവരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നടന്ന നിയമസഭാ കക്ഷിയോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ഈ സാഹചര്യത്തിലാണ് യുവരാജ് ഗോകുലിന്റെ വിമർശനം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും കെ സി വേണുഗോപാലിനെ മറികടക്കാൻ സതീശനെ സഹായിച്ചത് മുസ്ലീം ലീഗിന്റെ സമ്മർദ്ദമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സതീശന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ ബിജെപി വർഗീയ കാർഡ് കളിക്കുന്നുവെന്ന ആരോപണങ്ങൾക്കെതിരെയും യുവരാജ് രംഗത്തെത്തി. താൻ ഉന്നയിക്കുന്ന കാര്യങ്ങൾ ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ചർച്ച ചെയ്യുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രവും സംസ്കാരവും പഠിക്കാനാണ് ക്ഷേത്രങ്ങളിൽ പോയതെന്ന കോൺഗ്രസ് നേതാക്കളുടെ വാദങ്ങളെയും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിലെ വോട്ട് കണക്കുകൾ നിരത്തി പാർട്ടിക്കുള്ളിലെ ഭിന്നതകളെയും യുവരാജ് ഗോകുൽ തന്റെ കുറിപ്പിലൂടെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
Photo and News Source: Janmabhumi







