നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിർണായകമായ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നിയോഗിച്ച സമിതിയിലെ അംഗമായ പ്രൊഫസർ പി.വി. കുൽക്കർണിയാണ് വെള്ളിയാഴ്ച പുണെയിൽ വെച്ച് അറസ്റ്റിലായത്. ലത്തൂർ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറാണ് ഇദ്ദേഹം. എൻടിഎയുടെ ഉള്ളിലുള്ളവർക്ക് തന്നെ ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
ഏപ്രിൽ അവസാനവാരത്തോടെ 'സാധ്യത ചോദ്യപേപ്പർ' എന്ന പേരിൽ കുൽക്കർണി ചോദ്യങ്ങൾ പ്രചരിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മനീഷ വാഗ്മാരെ എന്ന വ്യക്തി വഴിയാണ് ഇയാൾ വിദ്യാർഥികളിലേക്ക് ചോദ്യങ്ങൾ എത്തിച്ചത്. പുണെയിലെ വസതിയിൽ വെച്ച് വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും, ഇതിനായി ലക്ഷങ്ങൾ ഫീസായി ഈടാക്കുകയും ചെയ്തു. പരീക്ഷയിൽ വന്ന ചോദ്യങ്ങൾ ഇയാൾ മുൻകൂട്ടി നൽകിയവയുമായി സാമ്യമുള്ളതാണെന്ന് സിബിഐ സ്ഥിരീകരിച്ചു. വിദ്യാർഥികളുടെ കൈവശമുണ്ടായിരുന്ന നോട്ട്ബുക്കുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ കുൽക്കർണിയെ പുണെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സിബിഐ അന്വേഷണം ഊർജിതമായി തുടരുകയാണ്. ഇതുവരെ 150-ഓളം പേരെ ചോദ്യം ചെയ്യുകയും 40-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ പലരും വിദ്യാർഥികളാണ്.
അതേസമയം, രാജസ്ഥാനിലെ സിക്കാറിൽ നിന്നുള്ള പ്രതികളുമായും കേസിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ആർ.കെ. കൺസൾട്ടൻസി ഉടമ രാകേഷ് കുമാർ ഭിവാൽ സഹോദരങ്ങളിൽ നിന്ന് 15 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയതായും, ഇത് പിന്നീട് ഉയർന്ന തുകയ്ക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ തെളിഞ്ഞു. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.
Photo and News Source: Mathrubhumi







