അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ ഭരണകൂടം അത്യപൂർവ്വമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തിന് അകമ്പടിയായി യു.എ.ഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ഡെസേർട്ട് ഫാൽക്കൺ ജെറ്റുകൾ പറന്നത് ശ്രദ്ധേയമായി. എയർ ഇന്ത്യ വൺ വിമാനത്തിൽ വെള്ളിയാഴ്ച അബുദാബിയിലെത്തിയ മോദിയെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നേരിട്ടെത്തി സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ ഉയർന്നിരിക്കുന്ന ഊർജ പ്രതിസന്ധിയും കണക്കിലെടുക്കുമ്പോൾ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി), സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ എന്നീ നിർണായക മേഖലകളിൽ ഇന്ത്യയും യു.എ.ഇയും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസ്സുമാണ് യു.എ.ഇ. യു.എ.ഇ സന്ദർശനത്തിന് ശേഷം നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.
Photo and News Source: Mathrubhumi







