ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിലും കൊടുങ്കാറ്റിലും പെട്ട് 27 പേർക്ക് ദാരുണാന്ത്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് വൻമരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും താറുമാറായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

പ്രയാഗ് രാജ്, ഭാദോഹി, ബുദൗൺ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. പ്രയാഗ്‌രാജിൽ മാത്രം 16 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഹാൻഡിയയിൽ ഏഴ് പേരും, ഫുൽപൂരിൽ നാല് പേരും, സൊറാവോണിൽ മൂന്ന് പേരും, മേജയിൽ രണ്ട് പേരും മരിച്ചു. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പ്രധാന റോഡുകളിലെല്ലാം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

ഭാദോഹി ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും പെട്ട് ആറ് പേർ മരിച്ചു. സൂര്യവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാർഗസെൻപൂർ ഗ്രാമത്തിൽ വീടിന് മുകളിൽ മരം വീണ് ഒരമ്മയും മൂന്ന് പെൺമക്കളും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായി. ബുദൗൺ ജില്ലയിൽ മൺഭിത്തി ഇടിഞ്ഞു വീണും മറ്റ് അപകടങ്ങളിലുമായി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദുരിതബാധിത പ്രദേശങ്ങളിൽ പൊലീസും ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ, കൊടുങ്കാറ്റിൽ മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവർ വീരേന്ദ്ര കുമാർ മൗര്യ അറിയിച്ചു. പ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊടുങ്കാറ്റുകളിൽ ഒന്നാണിതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

Photo and News Source: Kerala Online News