പശ്ചിമബംഗാളിലെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പ്രഭാത അസംബ്ലികളിൽ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് സുവേന്ദു അധികാരിയുടെ സർക്കാർ ഉത്തരവിറക്കി. സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായി നടക്കുന്ന പ്രാർഥനാ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകൾ നിർബന്ധമായും ആലപിക്കണമെന്നാണ് നിർദേശം.
ഈ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ സ്‌കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും ഈ പ്രാർഥനയിൽ പങ്കാളികളാകണമെന്നും അധികൃതർ വ്യക്തമാക്കി. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച പുതിയ പ്രോട്ടോക്കോൾ അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാബല്യത്തിൽ വരും.
നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ സുവേന്ദു അധികാരി ഇക്കാര്യം സ്ഥിരീകരിച്ചു. 'അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളിൽ വന്ദേമാതരം പ്രാർഥനാഗാനമായി അവതരിപ്പിക്കപ്പെടും. ഞാൻ ഇന്ന് നബന്നയിൽ പോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം ധരിപ്പിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരത്തിന് അർഹമായ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Photo and News Source: Mathrubhumi







