പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി (IMDb) പട്ടികയിൽ ഒന്നാമതെത്തി 'കാട്ടാളൻ'. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, മേയ് 28-ന് ഈദ് റിലീസായി തിയേറ്ററുകളിലെത്തും. 'മാർക്കോ'യ്ക്ക് ശേഷം ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വന്യവും ഭയാനകവുമായ ദൃശ്യവിരുന്നാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. രവി ബസ്രൂർ, അജനീഷ് ലോക്‌നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് കർണാടകയിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസും കൈക്കലാക്കി.

തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് 'ബാഹുബലി', 'ജവാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ കെച്ച കെംബഡികെയാണ്. 'ഓങ്-ബാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോങ് എന്ന ആനയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഉണ്ണി ആറിന്റെ സംഭാഷണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ടി സീരീസ് മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയപ്പോൾ, ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് വിതരണ പങ്കാളി. 140 ദിവസത്തെ നീണ്ട ഷെഡ്യൂളിലൂടെ പൂർത്തിയാക്കിയ 'കാട്ടാളൻ', മലയാള സിനിമയിലെ മറ്റൊരു ആക്ഷൻ വിസ്മയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Photo and News Source: Mathrubhumi