പഴമൊഴികളിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മത്തങ്ങ മുൻപന്തിയിലാണ്. മത്തങ്ങയുടെ കായ മാത്രമല്ല, ഇലയും പൂവും കുരുവുമെല്ലാം പോഷകസമൃദ്ധമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിൽ മത്തങ്ങ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിറ്റാമിൻ എ-യുടെ കലവറയായ മത്തങ്ങ, തിമിരം പോലുള്ള നേത്രരോഗങ്ങളെ തടയാനും വാർദ്ധക്യസഹജമായ മാക്യുലർ ഡീജനറേഷനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിനും മത്തങ്ങ മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചുളിവുകൾ കുറച്ച് തിളക്കം നൽകുകയും ചെയ്യുന്നു. കൂടാതെ, പതിവായി മത്തങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാനും ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കാനും ശരീരത്തെ പ്രാപ്തമാക്കുന്നു.

ഹൃദയാരോഗ്യത്തിന് മത്തങ്ങയും മത്തങ്ങാക്കുരുവും ഒരുപോലെ ഗുണകരമാണ്. പൊട്ടാസ്യം ധാരാളമുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. മത്തങ്ങാക്കുരുവിലെ മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കലോറി കുറവും ഫൈബർ കൂടുതലുമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്തങ്ങ ഒരു മികച്ച ഭക്ഷണമാണ്.

ദഹനപ്രക്രിയ സുഗമമാക്കുന്നതിനും മത്തങ്ങ സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നാനും മത്തങ്ങ സഹായിക്കുന്നതിനാൽ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവർക്ക് ഇത് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Photo and News Source: Kerala Online News