ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ടൊയോട്ട സ്റ്റാര്‍ലറ്റ് (Toyota Starlet) ഹാച്ച്ബാക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ടു. 'സേഫര്‍ കാര്‍സ് ഫോര്‍ ആഫ്രിക്ക' പദ്ധതിയുടെ ഭാഗമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ വാഹനം പൂജ്യം സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്ന മോഡലാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.
മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി നടത്തിയ പരിശോധനയില്‍ ആകെയുള്ള 34 പോയിന്റില്‍ ഒന്നുപോലും നേടാന്‍ ഈ വാഹനത്തിന് സാധിച്ചില്ല. ഇതാണ് പൂജ്യം സ്റ്റാര്‍ റേറ്റിംഗിലേക്ക് നയിച്ചത്. അതേസമയം, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49 പോയിന്റില്‍ 29.33 പോയിന്റുകള്‍ നേടി 3 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കാന്‍ സ്റ്റാര്‍ലറ്റിന് കഴിഞ്ഞു. ഇത് മാത്രമാണ് റിപ്പോര്‍ട്ടിലെ ഏക ആശ്വാസം.
ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെ തലയ്ക്കും നെഞ്ചിനും തൃപ്തികരമായ സുരക്ഷ ലഭിക്കുന്നുണ്ടെങ്കിലും, ഡാഷ്ബോര്‍ഡിന് പിന്നിലെ ഘടന കഠിനമായതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ ബോഡിഷെല്ലും ഫൂട്ട്വെല്‍ ഏരിയയും സ്ഥിരതയില്ലാത്തതാണെന്നും, അപകടസമയത്തെ കനത്ത ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ശേഷിയില്ലെന്നും ഗ്ലോബല്‍ NCAP വിലയിരുത്തുന്നു.
വശങ്ങളില്‍ നിന്നുള്ള ആഘാതങ്ങള്‍ പരിശോധിക്കുന്ന സൈഡ് ഇംപാക്ട് ടെസ്റ്റിലാണ് വാഹനം ഏറ്റവും വലിയ പരാജയം നേരിട്ടത്. സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഇവിടെ തിരിച്ചടിയായി. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ്‌ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും, ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വാഹനം പരാജയപ്പെട്ടുവെന്നാണ് ഈ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.
Photo and News Source: DriveSpark







