തൊടുപുഴയെ നടുക്കിയ കുമാരമംഗലം കൂട്ടബലാത്സംഗക്കേസിൽ നിർണ്ണായക വിധി. കേസിലെ പ്രതിയായ തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയന് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ പുനരധിവാസത്തിനായി പിഴത്തുക വിനിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 17 വയസ്സുകാരിയെ സഹപ്രവർത്തകനായ വിനീഷ് പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെയുള്ള കാലയളവിൽ പെൺകുട്ടി നിരവധിയാളുകളാൽ പീഡനത്തിനിരയായതായി കണ്ടെത്തി.
ഈ സംഭവവുമായി ബന്ധപ്പെട്ട് ആകെ 28 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി മുത്തശ്ശിയുടെ സംരക്ഷണയിൽ കഴിയുമ്പോഴാണ് ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായത്.
പെൺകുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പീഡനങ്ങൾ നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിചാരണ വേളയിൽ പ്രധാന സാക്ഷിയായ മുത്തശ്ശി കൂറുമാറിയത് കേസിൽ ശ്രദ്ധേയമായി. ശൈശവ വിവാഹം ഉൾപ്പെടെയുള്ള ബാക്കി 26 കേസുകളുടെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
Photo and News Source: Siraj Live







