ഇന്ത്യൻ വിപണിയിൽ പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി (BYD). ഈ വർഷം ജൂലൈ 1 മുതൽ കമ്പനിയുടെ എല്ലാ മോഡലുകൾക്കും ഈ വില വർധനവ് ബാധകമായിരിക്കും. മോഡലുകൾക്കും വകഭേദങ്ങൾക്കും അനുസരിച്ച് 1 മുതൽ 2 ശതമാനം വരെ വില വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിദേശനാണ്യ വിപണിയിൽ ഇന്ത്യൻ രൂപ നേരിടുന്ന ഇടിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധികളും കാരണം ചൈനീസ് യുവാനുമായുള്ള വിനിമയ നിരക്കിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വില വർധനവ് അനിവാര്യമാണെന്ന് ബിവൈഡി ഇന്ത്യയുടെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് മേധാവി രാജീവ് ചൗഹാൻ വ്യക്തമാക്കി.
നിലവിൽ അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ മോഡലുകളാണ് ബിവൈഡി ഇന്ത്യയിൽ വിൽക്കുന്നത്. ജൂലൈ ഒന്നിന് മുമ്പ് ബുക്കിംഗ് പൂർത്തിയാക്കി, ജൂലൈ 31-നകം ഡെലിവറി എടുക്കുന്ന ഉപഭോക്താക്കൾക്ക് നിലവിലെ പഴയ വിലയിൽ തന്നെ വാഹനം സ്വന്തമാക്കാം. എന്നാൽ, ജൂലൈ ഒന്നിനോ അതിനുശേഷമോ നടത്തുന്ന ബുക്കിംഗുകൾക്ക് പുതുക്കിയ വില ബാധകമായിരിക്കും. വില വർധനവിലൂടെ ഏകദേശം 50,000 മുതൽ 1 ലക്ഷം രൂപ വരെ വർധനവ് കാറുകൾക്ക് ഉണ്ടായേക്കാം.
അതേസമയം, സീലയൺ 7 ഇവിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 1100 ഉപഭോക്താക്കൾക്ക് സൗജന്യ ഹോം ചാർജർ ഇൻസ്റ്റാളേഷനും രണ്ട് വർഷത്തെ സൗജന്യ സർവീസും മെയിന്റനെൻസും ലഭിക്കും. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.
Photo and News Source: DriveSpark







